സമുചിത വിള നിർണ്ണയ പദ്ധതി

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2024-25 വാർഷിക പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി “സമുചിത വിള നിർണ്ണയം” എന്ന പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഓരോ കാർഷിക-പാരിസ്ഥിതിക യൂണിറ്റുകള്‍ക്കും അനുയോജ്യമായ വിളയിനങ്ങളും, വിളക്രമങ്ങളും ശുപാർശ ചെയ്യുന്നതിൽ  ശാസ്ത്രീയത ഉറപ്പ് വരുത്തി, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് ടി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷം സംസ്ഥാനത്തെ വ്യത്യസ്ത കാർഷിക-പാരിസ്ഥിതിക യൂണിറ്റുകളിൽ (അഗ്രോ-എക്കോളോജിക്കൽ യൂണിറ്റ്) ഉൾപ്പെടുന്ന 10 പഞ്ചായത്തുകളിൽ ടി പദ്ധതി ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.

     ടി പദ്ധതിയിൻ കീഴിൽ നിലവിലെ ഭൂവിനിയോഗക്രമം പഠനവിധേയമാക്കി പഞ്ചായത്ത് എന്നിവയുടെ ക്രോപ്  മാപ്പിംഗ്  നടത്തി നിലവിലുള്ള കൃഷി സാഹചര്യം മനസിലാക്കി, ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജലലഭ്യത, ഭൂവിനിയോഗം, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവ കണക്കിലെടുത്ത്  ഏറ്റവും അനുയോജ്യമായ വിളകളും, വിളക്രമങ്ങളും, വിള സമ്പ്രദായങ്ങളും ശുപാർശ ചെയ്യുന്നതാണ്. ഇതിനോടൊപ്പം തന്നെ ഓരോ പഞ്ചായത്തിലുമുള്ള നിലവിലെ കാർഷിക ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത, ഉല്‍പ്പാദനത്തിലെ കുറവ്, ഉല്‍പ്പാദനക്കുറവിന്റെ  കാരണങ്ങൾ, വിപണന സാധ്യതകൾ, കാര്‍ഷികസംസ്കരണം, കാര്‍ഷികമേഖലയിലെ സംരംഭകത്വം, കാര്‍ഷിക സഹകരണ സംഘങ്ങള്‍, ജലസ്രോതസ്സുകൾ, അവയുടെ പ്രശ്നങ്ങള്‍, വികസന സാധ്യതകള്‍, ഭൂവിനിയോഗം, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ,  പ്രശ്നപരിഹാരങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന  വിശദവിവരങ്ങളും ശേഖരിക്കുന്നു.

     അതാത് പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളകളും, വിളക്രമങ്ങളും, വിള സമ്പ്രദായങ്ങളും, കൃഷി മാതൃകകളും കണ്ടെത്തുന്നതുവഴി  വിഭവങ്ങളുടെ ശരിയായ  വിനിയോഗത്തിനും അതുവഴി  പരമാവധി ഉൽപ്പാദനക്ഷമത കൈവരിക്കുന്നതിനും സാധിക്കുന്നു. കൂടാതെ അനുയോജ്യമല്ലാത്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ഒഴുവാക്കുന്നതിനും കഴിയുന്നതാണ്. പഞ്ചായത്ത് തലത്തിൽ കാർഷിക  വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, വികസന പ്രവർത്തങ്ങൾ ഏറ്റെടുക്കുമ്പോഴും ഒരു മാർഗ്ഗരേഖയായി പദ്ധതി റിപ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.