പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേക്ഷണം
ഡാറ്റബേസ് തയ്യാറാക്കുന്നതോടൊപ്പം പഞ്ചായത്തു തലത്തിലും ബ്ലോക്ക്തലത്തിലും നീർത്തടാടിസ്ഥാനത്തിൽ പദ്ധതി രേഖകൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
I. പ്രകൃതി വിഭവ പരിപാലനത്തിനായി നീർത്തടാടിസ്ഥാനത്തിൽ പദ്ധതി രേഖകൾ തയ്യാറാക്കൽ
പരസ്പര പൂരകങ്ങളായ പ്രകൃതി വിഭവങ്ങളുടെ പരിപാലന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് എറ്റവും സ്വീകാര്യമായ അടിസ്ഥാന യൂണിറ്റുകളാണ് നീർത്തടങ്ങൾ. കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം ചെറുനീർത്തടാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനുകളെ അടിസ്ഥാനമാക്കിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. ഭൂരിഭാഗം സന്ദർഭങ്ങളിലും ചെറുനീർത്തടങ്ങൾ ഒന്നോ അതിലധികമോ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലായി വിന്യസിച്ചിരിക്കുന്നു. ചെറുനീർത്തട ഭൂപ്രദേശത്തെ പൂർണ്ണമായും പഠന വിധേയമാക്കാതെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ അതിരുകളെ മാത്രം അടിസ്ഥാനമാക്കി വിഭാവനം ചെയ്യുന്ന പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ പ്രതീക്ഷിത ഫലപ്രാപ്തിയിൽ എത്തുന്നില്ല. സമാനമായി നദീതടത്തിൽ ഒരോ ചെറുനീർത്തടങ്ങളുടെയും സ്ഥാനവും (ആരംഭം, മദ്ധ്യഭാഗം, അവസാന പാദം എന്നിങ്ങനെ) ജലസംരക്ഷണ/നിർഗ്ഗമന പദ്ധതികൾ രൂപ കൽപന ചെയ്യുന്നതിൽ നിർണ്ണായകമാണ്.
I.A പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൽപ്പാത്തി നദീതട പദ്ധതി രൂപീകരണം
കേരളത്തിലൂടെ ഒഴുകുന്ന നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ നാല് ഉപനദികളാണ് ഗായത്രിപ്പുഴ, തൂതപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവ. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ ഉപനദിയായ ഗായത്രിപ്പുഴയുടെ പദ്ധതി രൂപീകരണം 2015-16 സാമ്പത്തിക വർഷം പൂർത്തീകരിച്ചു. തുടർന്ന് തൂത നദീതട പ്ലാൻ രൂപീകരണം 2021-22 ലും കണ്ണാടി നദീതട പ്ലാൻ രൂപീകരണം 2022-23 ലും പൂർത്തീകരിച്ചു.
തമിഴ് നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്ന് ആരംഭിച്ച് കേരളത്തിലെ പാലക്കാട് ജില്ലയിലൂടെ ഒഴുകി വരുന്ന കോരയാർപുഴ മലമ്പുഴ ജലസംഭരണിയിൽ നിന്നും ഒഴുകി എത്തുന്ന മലമ്പുഴയുമായി സംഗമിച്ച് കൽപ്പാത്തിപ്പുഴ രൂപം കൊള്ളുന്നു. പ്രയാണ മദ്ധ്യേ കോരയാറിലേക്ക് മേനോൻപാറയ്ക്ക് സമീപം വെച്ച് വരട്ടയാർപ്പുഴയും കഞ്ചിക്കോടിന് സമീപം വെച്ച് വാളയാർപുഴയും പോഷക നദികളായി ഒഴുകിയെത്തുന്നു. കൽപ്പാത്തിപ്പുഴ പറളിയിൽ വെച്ച് കണ്ണാടി/ചിറ്റൂർപുഴയുമായി സംഗമിച്ച് ഭാരതപ്പുഴയായി ഒഴുക്കു തുടരുന്നു.
കേരളത്തിൽ കൽപ്പാത്തി നദീതടം ഏകദേശം 525 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൽപ്പാത്തി നദീതടത്തിൽ 42 ചെറുനീർത്തടങ്ങൾ ഉൾപ്പെടുന്നു. കൽപ്പാത്തി നദീതട പദ്ധതി പ്രദേശത്ത് (ക്ലസ്റ്റർ I) ഉൾപ്പെടുന്ന 7 ചെറുനീർത്തടങ്ങളുടെ പദ്ധതി രേഖകൾ 2023-24 സാമ്പത്തിക വർഷം തയ്യാറാക്കി. 2024-25 സാമ്പത്തിക വർഷം കൽപ്പാത്തി നദീതടത്തിലെ ക്ലസ്റ്റർ II ൽ ഉൾപ്പെടുന്ന 15 ചെറുനീർത്തടങ്ങളുടെ പദ്ധതി രൂപീകരണം പൂർത്തീകരിക്കുവാൻ ലക്ഷ്യമിടുന്നു. പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മരുത റോഡ്, എലപ്പുള്ളി, പിരായിരി, പറളി, വടകരപ്പതി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലുമായി പദ്ധതി പ്രദേശം വിന്യസിച്ചിരിക്കുന്നു.
I.B തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കേച്ചേരി നദീതട പ്ലാൻ രൂപീകരണം
തൃശ്ശൂർ ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽ നിന്നാരംഭിക്കുന്ന വടക്കാഞ്ചേരിപുഴയും പുഴയ്ക്കൽ പുഴയും പ്രയാണ മദ്ധ്യേ കോൾ നിലങ്ങളിൽ വെച്ച് സംഗമിച്ച് കേച്ചേരി പുഴ രൂപം കൊള്ളുന്നു. ജില്ലയിലെ കോൾ മേഖലയെ സമ്പുഷ്ടമാക്കുന്ന ഈ പുഴ ഏനമാവ് കായലിലുടെ ചേറ്റുവ അഴിമുഖത്തെത്തി അറബിക്കടലിൽ എത്തി ചേരുന്നു. വടക്കാഞ്ചേരി പുഴയിൽ നിർമ്മിച്ചിരിക്കുന്ന വാഴാനി ഡാം, പുഴയ്ക്കൽ പുഴയുടെ കൈവഴികളിൽ നിർമ്മിച്ചിരിക്കുന്ന പൂമല ഡാം, പത്താഴക്കുണ്ട് ഡാം എന്നിവ കേച്ചേരി പുഴയുടെ വൃഷ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ ജില്ലയിൽ 770ചതുരശ്ര കിലോമീറ്ററിനടുത്ത് വിസ്തൃതിയിൽ വിന്യസിച്ചിരിക്കുന്ന കേച്ചേരി നദീതട പദ്ധതി പ്രദേശത്ത് 79 ചെറുനീർത്തടങ്ങൾ ഉൾപ്പെടുന്നു.
കേച്ചേരി പുഴയുടെ ഉപനദിയായ വടക്കാഞ്ചേരി പുഴയിലേക്ക് നീരൊഴുക്ക് കേന്ദ്രീകരിക്കുന്ന (ക്ലസ്റ്റർ 1) 26 ചെറുനീർത്തടങ്ങളുടെ പദ്ധതി രൂപീകരണം 2023-24 സാമ്പത്തിക വർഷത്തിനകം പൂർത്തീകരിച്ചു. 2024-25 സാമ്പത്തിക വർഷം ക്ലസ്റ്റർ 1 ൽ ഉൾപ്പെടുന്ന ശേഷിക്കുന്ന 12 ചെറുനീർത്തടങ്ങളുടെ പദ്ധതി രൂപീകരണം പൂർത്തീകരിക്കുവാൻ ലക്ഷ്യമിടുന്നു. പദ്ധതി പ്രദേശം അടാട്ട്, അവണൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എളവള്ളി, കൈപ്പറമ്പ്, കണ്ടാണശ്ശേരി, മുല്ലശ്ശേരി, പോർക്കുളം, തോളൂർ ഗ്രാമപഞ്ചായത്തുകളിലും ഗുരുവായൂർ, കുന്നംകുളം നഗരസഭയിലുമായി വിന്യസിച്ചിരിക്കുന്നു.