ജിയോ ഇൻഫോർമാറ്റിക്സ് ലാബ്


ഭൂവിഭവങ്ങളുമായി ബന്ധപ്പെട്ട സ്‌പേഷ്യൽ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് വേണ്ടി വകുപ്പ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ആധുനിക സാങ്കേതിക വിദ്യകളായ റിമോട്ട് സെൻസിംഗ് (ആർ എസ്), ജി.ഐ.എസ് എന്നിവ ഉപയോഗിച്ചാണ് ഭൂവിഭവങ്ങൾ, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലമാന വിവരങ്ങൾ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നത്. ജിയോ ഇൻഫോർമാറ്റിക്‌സ് ലാബ്, ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഉപയോഗിച്ച് വരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ജനകീയമാക്കാനും വികസന വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ തലത്തിലുള്ള ഉപഭോക്താക്കളുടെ ഇടയിൽ ആർഎസ്, ജി.ഐ.എസ്. എന്നീ പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഇവയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ജിയോ ഇൻഫോർമാറ്റിക്‌സ് ലാബ് വകുപ്പിനെ സഹായിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റം, സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ വിവിധ തലങ്ങളിലെ ഉപഭോക്താക്കൾക്ക് ജി.ഐ.എസ് സംബന്ധമായ സേവനങ്ങൾ അവരുടെ വ്യത്യസ്‌തമായ ആവശ്യങ്ങൾ അനുസരിച്ചു നൽകുന്നതിനും സാധിക്കുന്നു. ജിയോ ഇൻഫോർമാറ്റിക്‌സ് ലാബിന്റെ ഹാർഡ്‌വെയറുകളിൽ ഏറ്റവും ആധുനിക രീതിയിലുള്ള ഹൈ എൻഡ് വർക്ക്‌സ്റ്റേഷനുകൾ, സെർവർ, സ്കാനർ, ഡിജിറ്റൽ ഡാറ്റ വിശകലനത്തിനും ഡിജിറ്റൽ ഇമേജറികളുടെ വ്യാഖ്യാനത്തിനുമുള്ള പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു. വ്യത്യസ്ത ഉപയോക്താക്കൾക്കായി ഉപയോക്തൃ സൗഹൃദ വിവര സംവിധാനങ്ങൾ തയ്യാറാക്കുന്നതിനായി കസ്റ്റമൈസേഷൻ പാക്കേജുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഇത്തരം ലാബുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ എല്ലാ വികസന വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും, സംസ്ഥാന തലത്തിലുള്ള മറ്റ് ഉപഭോക്താക്കൾക്കും ഈ ലാബിന്റെ സേവനം നൽകി വരുന്നു. ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജി.ഐ.എസ്. സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിശീലനം വകുപ്പിലെ ജീവനക്കാർക്കും ലൈൻ ഡിപ്പാർട്ടുമെന്റുകൾക്കും ലാബിൽ നൽകി വരുന്നു.