സജലം 2024-25
വാട്ടർ റിസോഴ്സ് കൺസർവേഷൻ ആൻഡ് മാനേജ്‌മന്റ് പ്ലാൻ സെമി ക്രിട്ടിക്കൽ ബ്ലോക്‌സ്
വളരെയധികം ജലസ്രോതസ്സുകൾ കൊണ്ട് സമ്പന്നമാണ് കേരള സംസ്ഥാനം. എന്നിരുന്നാലും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ആഗ്നേയ ശിലകളുടെ സാന്നിദ്ധ്യവും ഭൂജലസമ്പത്തിന്റെ ലഭ്യതയെ പരിമിതപ്പെടുത്തുന്നു. അടുത്ത കാലങ്ങളായി കണ്ടു വരുന്ന ഭൂവിനിയോഗത്തിലെ അപാകതകളും നഗരവത്കരണവും കൃഷി രീതികളുമെല്ലാം ഒരു പരിധിവരെ ജലദൗർലഭ്യത്തിന്റെ തോത് ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്‌തു. മണ്ണ്, ജലം, ജൈവ സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കി വരുന്ന കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, 2024-25 സാമ്പത്തിക വർഷം തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കണ്ണൂർ ജില്ലയിലെ പാനൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ജലവിഭവ പരിപാലന രേഖ തയ്യാറാക്കുകയാണ്. ഭൂഗർഭ ജലത്തിന്റെ ഉപഭോഗ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സംസ്ഥാന ഭൂജല വകുപ്പിന്റെ ക്ലാസ്സിഫിക്കേഷനിൽ സെമി ക്രിട്ടിക്കൽ കാറ്റഗറിയിലാണ് മൂന്നു ബ്ലോക്കുകളും ഉൾപ്പെട്ടിരിക്കുന്നത്. വാട്ടർ റിസോഴ്സ് കൺസർവേഷൻ ആൻഡ് മാനേജ്‌മന്റ് പ്ലാൻ സെമി ക്രിട്ടിക്കൽ ബ്ലോക്‌സ് എന്ന പദ്ധതിക്കു കീഴിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്. ജലസ്രോതസ്സുകളുടെ വിവരശേഖരം തയ്യാറാക്കുകയും അവയെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പരിപാലനമുറകൾ തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിലുള്ള ജലസ്രോതസ്സുകളുടെ (തോടുകൾ, പുഴകൾ, കുളങ്ങൾ, കിണറുകൾ) നിലവിലെ അവസ്ഥയും പ്രശ്നങ്ങളും കണ്ടെത്തുക, ജലസ്രോതസ്സുകളുടെ വിപുലമായ മാപ്പിംഗ് നടത്തുക, നിലവിലെ അവസ്ഥ നൂതന സാങ്കേതിക വിദ്യകളും ഫീൽഡ് സർവെയും ഉപയോഗിച്ച് അവലോകനം ചെയ്യുക,വകുപ്പിൽ ലഭ്യമായ സ്‌പേഷ്യൽ ഡാറ്റ ഉപയോഗിച്ച് പദ്ധതി പ്രദേശത്തിന്റെ ബേസ് മാപ്പ് തയ്യാറാക്കി ഫീൽഡ് സർവെ നടത്തി ജനപ്രതിനിധികൾ, വികസന വകുപ്പുകൾ എന്നിവരുമായി ചർച്ച നടത്തി അപ്ഡേറ്റ് ചെയ്യുക, മഴയിലൂടെ ലഭിക്കുന്ന ജലം സംരക്ഷിക്കൽ, ശോചനീയമായ ജല സ്രോതസ്സുകളുടെ പുനരുജ്ജീവനം, വിവിധ തീമാറ്റിക്ക് ലെയറുകൾ വിശകലനം ചെയ്ത് ഓരോ സ്ഥലത്തിനും ഉതകുന്ന രീതിയിൽ (ലൊക്കേഷൻ സ്പെസിഫിക്) ജല സംരക്ഷണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, ഗുണഭോക്തൃ ശില്പശാലകൾ സംഘടിപ്പിക്കുക, പ്രോജെക്ട് രുപീകരണത്തിലും സമഗ്ര പദ്ധതി രേഖ (DPR-DETAILED PROJECT REPORT) നിർമ്മാണ വേളയിലും പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനായി പുഴ നടത്തം മുതലായ പരിപാടികൾ നടത്തുക എന്നിവ പദ്ധതി പ്രവർത്തനങ്ങളിൽപ്പെടുന്നു.