ഭൂവിവരാധിഷ്ഠിത തണ്ണീർത്തട വിവര സംവിധാനം 2024-25
നെൽ വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണവും പരിപാലനവും സുസ്ഥിരമായ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി ധാരാളം കർമ്മപദ്ധതികൾ നമ്മുടെ സംസ്ഥാനത്തുടനീളം ആവിഷ്കരിച്ചു വരുന്നുണ്ട്. ഈയൊരു കാഴ്ചപ്പാടോടു കൂടിയാണ് സംസ്ഥാന ഭൂവിനിയോഗ ബോർഡ്ഭൂവിവരാധിഷ്ഠിത തണ്ണീർത്തട സംവിധാനം എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്.
പഞ്ചായത്തുകളിലെ എല്ലാ നെൽവയലുകളേയുംതണ്ണീർത്തടങ്ങളേയും മാപ്പ് ചെയ്യുന്നതിനോടൊപ്പം കഡസ്ട്രൽ ഡാറ്റ കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടങ്ങൾ തയ്യാറാക്കുന്നതിലൂടെ സർവ്വേ നമ്പർ അടിസ്ഥാനത്തിലുള്ള നെൽ വയലുകളുടെയും പാടശേഖരങ്ങളുടെയും വിവരങ്ങൾ ലഭ്യമാകും. ഓരോ നെൽവയലുകളിലെയും നെൽകൃഷി പ്രദേശങ്ങൾ, തരിശുപ്രദേശങ്ങൾ, നെൽ വയലുകളിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ എന്നിവ GIS സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിട്ടപ്പെടുത്തി തണ്ണീർത്തട അറ്റ്ലസ് തയ്യാറാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പഞ്ചായത്തിലെ തണ്ണീര്തടങ്ങളുടെയും പാടശേഖരങ്ങളുടെയും സ്ഥലമാന വിവരങ്ങൾ രേഖപ്പെടുത്തിയ മാപ് കൃഷിഭവനിൽ പ്രദർശിപ്പിക്കുന്നതിനായി നൽകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തണ്ണീർത്തടങ്ങളുടെയും പാടശേഖരങ്ങളുടെയും ഡാറ്റാബേസ് വിവിധ വികസന വകുപ്പുകൾക്ക് പദ്ധതി ആസൂത്രണം നിർവഹണം എന്നീ ഘട്ടത്തിൽ ഏറെ പ്രയോജനകരമാണ്. ഈ സാമ്പത്തിക വർഷം മലപ്പുറം ജില്ലയുടെ തണ്ണീർത്തട അറ്റ്ലസ് തയാറാക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ജൂലൈ, ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ വിവിധ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ഫീൽഡ് തല വിവരശേഖരണം നടത്തുന്നതാണ്.