കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്

നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍

 
1. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ശക്തിപ്പെടുത്തല്‍
 
 • ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ലാബ്
 

ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ലാബിനെ സംസ്ഥാനതല ഡിജിറ്റല്‍ വിവര സാങ്കേതമാക്കി  ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങൾ 2019-20-ല്‍ തുടരുന്നതായിരിക്കും.  പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച സ്ഥലപര വിവരങ്ങൾ ഉപയോഗ സൌഹൃദ രീതിയിൽ ഡിജിറ്റൽ രൂപത്തിൽ ഹരിത കേരളം മിഷൻ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശഭരണ സ്ഥാപനങ്ങള്‍,  പദ്ധതി ആസൂത്രകർ, വികസന വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ ഭരണകര്‍ത്താക്കള്‍ എന്നിവർക്ക്  നൽകാൻ ലക്ഷ്യമിടുന്നു.

 

 • ജലവിഭവ ഭൂപടം തയാറാക്കലും മാനേജ്മെന്റ് ആക്ഷൻപ്ലാൻ തയാറാക്കലും

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന അച്ചൻകോവിൽ നദിയുടെ ജലവിഭവ ഭൂപടം തയാറാക്കുന്നതിനും തീര സംരക്ഷണത്തിനായി കർമ്മപദ്ധതി തയാറാക്കുന്നതിനും ലക്ഷ്യമിടുന്നു.  

 

 • ഭൂവിനിയോഗ നിർണ്ണയ മാതൃക

കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളിലുൾപ്പെടുന്ന 15 ഗ്രാമപഞ്ചായത്തുകളുടെ നിലവിലുളള ഭൂവിനിയോഗം, പ്രശ്‌നങ്ങള്‍,സാധ്യതകള്‍ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുയോജ്യമായതും പരമാവധി ഉത്പാദനവും വരുമാനവും ലഭ്യമാകുന്ന തരത്തിലുളളതുമായ ഭൂവിനിയോഗ മാതൃകകള്‍ തയ്യാറാക്കുവാന്‍ ലക്ഷ്യമിടുന്നു.

 

 • ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടി

വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കാന്‍ ലക്ഷിമിടുന്നു.

 

 • ഹ്രസ്വകാല പരിശീലന പരിപാടി

വിവിധ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപര  ആസൂത്രണത്തിന് സഹായകരമായ രീതിയിൽ ജി.ഐ.എസ്.ആപ്ലിക്കേഷന്‍ എന്ന വിഷയത്തിൽ  ഹ്രസ്വകാല പരിശീലന പരിപാടികൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു

 

 • പഞ്ചായത്ത്തല പ്രകൃതിവിഭവ ഡാറ്റാ ബാങ്ക്

വകുപ്പില്‍ തയ്യാറാക്കിയതും വിവിധ വകുപ്പുകളില്‍ ലഭ്യമായതുമായ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചാത്തുകലളുടെ പഞ്ചായത്ത്തല പ്രകൃതിവിഭവഡാറ്റാ ബാങ്ക് തയ്യാറാക്കുവാന്‍ ലക്ഷ്യമിടുന്നു.കൂടാതെ ഈ പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു ദശാബ്ദമായി ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങൾ ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്യുവാനും പൈലറ്റ് അടിസ്ഥാനത്തിൽ ജിയോ ടാഗിംഗിലൂടെ ചടയമംഗലം ബ്ലോക്കിലുൾപ്പെടുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും പ്രകൃതി വിഭവങ്ങൾ, ആസ്തികൾ, ജലക്ഷാമം നേരിടുന്ന മേഖലകൾ എന്നിവ സംബന്ധിച്ച സ്ഥലപരവിവരശേഖരം തയാറാക്കുവാനും ഉദ്ദേശിക്കുന്നു.

 

 • ബോധവല്‍ക്കരണ പരിപാടി

          പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം പരിപാലനം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കും കർഷകർക്കും  ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ജില്ലാ സെമിനാറുകൾ നടത്തുവാനും ലക്ഷ്യമിടുന്നു.

 

 • ജലസമൃദ്ധി പദ്ധതിയുടെ ഡോക്യുമെന്റേഷൻ

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.അവ വെബ് സൈറ്റിൽ നൽകുന്നതിനും ഉദ്ദേശിക്കുന്നു.

 

2. പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേഷണം

 

 • തൃശ്ശൂര്‍,പാലക്കാട് ജില്ല പഞ്ചായത്തുകളുമായി സഹകരിച്ച് തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂർ പുഴ നീർത്തടം,  പാലക്കാട് ജില്ലയിലെ തൂത ഉപനീര്‍ത്തടം എന്നിവയുടെ പ്രകൃതി വിഭവ പരിപാലന പദ്ധതി റിപ്പോർട്ട് തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നു.

 

 • കറുവന്നൂര്‍ നദീതടത്തിലെ വടക്കൻ കോൾ മേഖലകളിൽ  കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റ് തലത്തില്‍ ഭൂ ആവരണ മാനേജ്‌മെന്റ് സംവിധാനമുപയോഗിച്ച് പാരിസ്ഥിതിക പുനരുദ്ധാരണ പദ്ധതി തയ്യാറാക്കുവാൻ ലക്ഷ്യമിടുന്നു.

 

 • കുട്ടനാട് പ്രദേശത്തെ നാല് മുനിസിപ്പാലിറ്റികളുടെ അനുയോജ്യ ഭൂവിനിയോഗ മാതൃക റിപ്പോർട്ട്  തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നു.

 

 • നെയ്യാർ നദീതടത്തിന്റെ ജൈവ പുനരുദ്ധാരണത്തിനായി 17 ചെറു നീർത്തടങ്ങളിൽ ഭൂഅപഗ്രഥനം നടത്തി റിപ്പോർട്ട് തയ്യാറാക്കുവാൻ ലക്ഷ്യമിടുന്നു.

 

 

3. ഭൂവിഭവ വിവര സംവിധാനം

 

എൽ.ആർ..എസ് (LRIS) വെബ് സൈറ്റിൽ ലഭ്യമായ കണ്ണൂർ, വയനാട്, കോട്ടയം, പാലക്കാട്, എറണാകുളം എന്നീ അഞ്ചു ജില്ലകളുടെ ഭൂവിനിയോഗ / ഭൂആവരണ ഭൂപടങ്ങൾ പുതുക്കുന്നതിനും ഭൂവിഭവവിവര സംവിധാനത്തിൽ വിവരം ചേർക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതു കൂടാതെ പാലക്കാട്, എറണാകുളം ജില്ലകളുടെ സമഗ്ര തണ്ണീർത്തട വിവരസംവിധാനം തയാറാക്കുന്നതിനും ലക്ഷ്യമിടുന്നു.

.